ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത് വലിയൊരു മാറ്റമായി കമ്പനി കാണക്കാക്കുകയാണ്. 93 ലക്ഷം പുതിയ വരിക്കാരെയാണ് ആദ്യപാദത്തില്‍ ലഭിച്ചത്. എന്നാല്‍ ഇതിനെല്ലാം കാരണം കമ്പനി എടുത്ത നിര്‍ണ്ണായകമായ ആ തീരുമാനം ആണെന്നാണ് കണ്ടെത്തല്‍.
പാസ് വേര്‍ഡ് ഷെയര്‍ ചെയ്യുന്നത് തടഞ്ഞുകൊണ്ട് പുതിയ നിയമം കമ്പനി നടപ്പിലാക്കിയിരുന്നു. ഇങ്ങനെ പാസ് വേര്‍ഡ് നിയന്ത്രണം കൊണ്ട് വന്നതാണ് പുതിയ മുന്നേറ്റത്തിന് കാരണമായി നെറ്റ്ഫ്‌ളിക്‌സ് ചൂണ്ടിക്കാട്ടുന്നത്. ആ തീരുമാനം ഗുണം ചെയ്‌തെന്ന് കമ്പനി പറയുന്നു.
മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 17 ലക്ഷം വരിക്കാരെ അധികം ചേര്‍ക്കാനായതായി നെറ്റ്ഫ്ളിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തിലെ കണക്കാണിത്. 2023ലാണ് പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നിലധികം പേര്‍ ഷോ കാണുന്നത് തടയാന്‍ നെറ്റ്ഫ്ളിക്സ് നടപടി ആരംഭിച്ചത്. അമേരിക്കയിലും കാനഡയിലും കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ കഴിഞ്ഞതാണ് വളര്‍ച്ചയ്ക്ക് സഹായകമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ 20 ലക്ഷം പുതിയ വരിക്കാരെയാണ് നെറ്റ്ഫ്ളിക്സിന് ലഭിച്ചത്.
നിലവില്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ മൊത്തം വരിക്കാരുടെ എണ്ണം 26.9 കോടിയായാണ് ഉയര്‍ന്നത്. ജനുവരി- മാര്‍ച്ച് പാദ കണക്കനുസരിച്ചാണിത്. മുന്‍പത്തെ പാദത്തില്‍ ഇത് 26 കോടി മാത്രമായിരുന്നു. വരുമാനത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 14.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തില്‍ 78.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും നെറ്റ്ഫ്ളിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു.