അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി നല്കി. പരോള്‍ നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അഭയ കേസില്‍ ഇരട്ട ജീവപര്യന്തം കഠിനതടവിനും, ജീവപര്യന്തം കഠിനതടവിനും കോടതി ശിക്ഷിച്ച, ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് കഴിഞ്ഞ മെയ് 11 ന് 90 ദിവസം പരോള്‍ അനുവദിച്ചത്, സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റി ആണെന്ന്, ജയില്‍ ഡി. ജി. പി യുടെ വിശദീകരണം കളവാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ഉത്തരവ് പ്രകാരം, ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളു എന്നും, അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികള്‍ക്ക്, ഹൈപവര്‍ കമ്മിറ്റി പരോള്‍ അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനും ഹൈപവര്‍ കമ്മിറ്റി അദ്ധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും, ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
അഭയ കേസിലെ പ്രതികളെ ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലില്‍ കിടക്കുന്നതിന് മുന്‍പാണ്, പ്രതികള്‍ക്ക് നിയമവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
ഫാ. തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ നല്കിയ ജാമ്യ ഹര്‍ജി, കഴിഞ്ഞ 7 മാസത്തിനിടയില്‍ 5 പ്രാവശ്യവും, ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിച്ചിരുന്നു എങ്കിലും, ജാമ്യം അനുവദിക്കാതെ ഹര്‍ജി മാറ്റി വെച്ചിരിക്കുകയായിരുന്നു.