കേരളത്തില്‍ ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 13 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണമുണ്ടായ 19 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്.
പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ടീം, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവര്‍ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക
സിക്ക വൈറസ് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാല്‍ പൂര്‍ണമായും മാറും. എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം.