തൃശ്ശൂര്‍ ചേറ്റുവയില്‍ 18 കിലോ ഭാരമുള്ള ആംബര്‍ഗ്രിസ്(തിമിംഗല ഛര്‍ദ്ദില്‍) പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദിലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി സ്വദേശി റഫീക്ക് (47), പാലയൂര്‍ സ്വദേശി ഫൈസല്‍ (40), ആലുവ ശ്രീമൂലനഗരം സ്വദേശി ഹംസ (49) എന്നിവരെ അറസ്റ്റ് ചെയ്തു. മീന്‍ പിടിക്കാന്‍ പോയവരില്‍ നിന്നാണ് ഇത് ലഭിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇത് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നില്ല.
സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തില്‍ ആദ്യമായാണ് പിടികൂടുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വസ്തു കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാണ്.
അറേബ്യന്‍ മാര്‍ക്കറ്റിലും മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാന്‍ഡുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്ദ്ദിച്ചുകളയുന്നതാണ് ആംബര്‍ഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഒഴുകുന്ന സ്വര്‍ണ്ണമെന്ന് അറിയപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്. ചില മരുന്നുകളുടെ നിര്‍മ്മാണത്തിനും ഇതുപയോഗിക്കാറുണ്ട്.
മുമ്പ് ആന്ധ്രയില്‍നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് ആംബര്‍ ഗ്രീസ് പിടികൂടിയിട്ടുള്ളത്. 1982-ലെ അന്താരാഷ്ട്ര കരാര്‍ പ്രകാരമാണ് തിമിംഗിലവേട്ടയ്ക്കൊപ്പം ആംബര്‍ ഗ്രീസിന്റെ കൈമാറ്റവും നിരോധിച്ചത്. ഇന്ത്യ ഈ കരാര്‍ അംഗീകരിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുമില്ല.