ന്യൂഡല്‍ഹി: രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തെന്ന് വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. എന്നാല്‍ അതിലൂടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞ സത്യങ്ങള്‍ അറിഞ്ഞ് ഞെട്ടലിലാണ് ഗവേഷകര്‍.
കോവിഡ് ബാധിച്ചാല്‍ കുടല്, കരള്‍, ശ്വാസകോശം എന്നിവയെ അമിതമായി ബാധിക്കും എന്നായിരുന്നു ഇതുവരെ ഉള്ള അറിവുകളും കണ്ടെത്തലുകളും. എന്നാല്‍ ഇപ്പോള്‍ വരുന്ന പഠന റിപ്പോര്‍ട്ടില്‍ കോവിഡ് വൈറസ് പാന്‍ക്രിയാസിനെയും തലച്ചോറിനെയും വരെ സാരമായി ബാധിക്കുന്നതായി കണ്ടെത്തി. വൃക്ക, തൈറോയ്ഡ്, പാന്‍ക്രിയാസ്, എല്ലുകള്‍, തലച്ചോര്‍ എന്നിവയിലും വൈറസിന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഭോപ്പാല്‍ എയിംസിലെ ഫൊറന്‍സിക് വിഭാഗം കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പകുതിയോളം മൃതദേഹങ്ങളുടെ തലച്ചോറില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ നാലംഗസംഘത്തിലെ മലയാളി ഡോ. ജെ എസ് ശ്രാവണ്‍ പറഞ്ഞു.
ബ്ലഡ് ബ്രെയിന്‍ ബാരിയറും കടന്ന് തലച്ചോറില്‍ എത്താമെങ്കില്‍ കോവിഡ് വൈറസിന് ശരീരത്തില്‍ എവിടെവേണമെങ്കിലും പ്രവേശിക്കാനാകും. പാന്‍ക്രിയാസിനെ കോവിഡ് ബാധിക്കുമെന്നത് ആശങ്കാജനകമാണ്. കോവിഡ് മുക്തരില്‍ പിന്നീട് പ്രമേഹം പിടിപെടാന്‍ ഇത് സാധ്യത വര്‍ധിപ്പിക്കുന്നതായി ശ്രാവണ്‍ പറഞ്ഞു.
ഡോ. ശ്രാവണിനു പുറമേ ഫൊറന്‍സിക് മെഡിസിന് വിഭാഗത്തിലെ ഡോ. ജയന്തി യാദവ്, ഡോ. ബൃന്ദാ പട്ടേല്‍, ഡോ. മഹാലക്ഷ്മി എന്നിവരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ബന്ധുക്കളുടെ അനുമതിയോടെ, 25 മുതല്‍ 84 വയസ്സുവരെ പ്രായമായവരുടെ മൃതദേങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
അവയവങ്ങളില്‍നിന്നുള്ള സ്രവം ആര് ടി പി സി ആര് പരിശോധന നടത്തിയാണ് വൈറസ് സാന്നിധ്യം ഉറപ്പിച്ചത്. ആരോഗ്യവകുപ്പിനും അന്താരാഷ്ട്ര ജേര്ണലുകള്ക്കും റിപ്പോര്‍ട്ട് കൈമാറി. രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടംചെയ്ത് നടത്തിയ പഠനം പൂര്‍ത്തിയാവാന്‍ നാലുമാസമെടുത്തു.