തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍ കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ പീഡനത്തിനാണ് മലയാളി ദമ്പതികള്‍ വിധേയരായത്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു. തടയാനെത്തിയ ഭര്‍ത്താവിന് മര്‍ദനമേറ്റു. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്ബോള്‍ എഴുന്നേറ്റു നില്ക്കാന് പോലും കഴിയാത്ത നിലയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് യുവതി.
ജൂണ്‍ 19നാണ് മലയാളികളായ ദമ്പതികള്‍ പഴനിയിലെത്തിയത്. ഭാര്യയെ റോഡരികില്‍ നിര്‍ത്തി സമീപത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു ഭര്‍ത്താവ്. ഈ സമയം മൂന്നംഗ സംഘം നാല്പതുകാരിയുടെ വായ പൊത്തിപ്പിടിച്ച് സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് രാത്രിമുഴുവന്‍ പീഡനത്തിനിരയാക്കി.
തടയാനെത്തിയ ഭര്‍ത്താവിനെ ലോഡ്ജ് ഉടമയും സംഘവും മര്‍ദിക്കുകയും, മദ്യപാനിയായി ചിത്രീകരിക്കുകയും ചെയ്തു. അടുത്തുള്ള പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ദമ്പതികള്‍ പറയുന്നു. പിറ്റേന്ന് രാവിലെ അജ്ഞാത സംഘത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടുകയും, കേരളത്തിലേക്ക് മടങ്ങുകയുമായിരുന്നു. ഭയം മൂലം സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ സ്ത്രീയുടെ ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇതുവരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല.