തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍.ഐ.വിയിലെ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശികള്‍ക്ക് രോഗം കണ്ടെത്തിയത്.
തിരുവനന്തപുരം ആനയറ ക്ലസ്റ്ററിന് പുറത്തും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക വൈറസ് ബാധിച്ചത്. ഇതില്‍ 4 പേരുടെ സാമ്പിളുകള്‍ 2 സ്വകാര്യ ആശുപത്രികളില്‍ നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. വീടും പരിസരവും കൊതുക് മുക്തമാക്കുകയും വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ട് രോഗവ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കണം. നേരത്തെ സാംക്രമിക രോഗങ്ങളെ തടയുന്നതിനായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ രീതിയില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
സിക വൈറസ് വ്യാപനത്തിന് കാരണം കൊതുകുകളാണ്. അതിനാല്‍ കൊതുക് നിവാരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും വീടുകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും വേണം. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിച്ച് വീടും പരിസരവും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കണം. സര്‍ക്കാര്‍ ഓഫീസുകളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനമെന്നും അത് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.