ചില ബിജെപി നേതാക്കളോട് ഫോണില്‍ സംസാരിച്ചതിന് പിന്നാലെ തന്റെ സിം പ്രവര്‍ത്തന രഹിതമായെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. 24 മണിക്കൂറായി സിം പ്രവര്‍ത്തന രഹിതമാണ്. ആരെയും വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
പൊതുമേഖല ടെലകോം സേവന ദാതാക്കളായ എംടിഎന്‍എല്‍ തന്റെ കെവൈസി വിവരങ്ങള്‍ സസ്പെന്‍ഡ് ചെയ്തുവെന്നും ഇത് സംബന്ധിച്ച ഒരു നോട്ടീസ് അയച്ചിട്ടുണ്ടെന്നും മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററില്‍ കുറിച്ചു. തൊട്ടുപിന്നാലെ ബിഎസ്എന്‍എല്‍ കമ്പനിയില്‍ നിന്നും തനിക്ക് ലഭിച്ച നോട്ടീസിനെ കുറിച്ചും മാര്‍ഗരറ്റ് ട്വീറ്റില്‍ പറയുന്നുണ്ട്. ഇപ്പോഴാണോ തന്റെ കെവൈസി വിവരങ്ങള്‍ ആവശ്യമായി വന്നതെന്നും അവര്‍ ചോദിച്ചു.
ചില ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തന്റെ മൊബൈലിലേക്കുള്ള കോളുകള്‍ വഴിതിരിച്ച് വിടുകയായിരുന്നുവെന്ന് മാര്‍ഗരറ്റ് ആല്‍വ ആരോപിക്കുന്നു. ആരെയും വിളിക്കാനോ, കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ല. ഫോണിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചാല്‍ ഇന്ന് രാത്രി ബിജെപി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി എംപിമാരെ വിളിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും മാര്‍ഗരറ്റ് ആല്‍വ കുറിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പടെയുള്ളവര്‍ മാര്‍ഗരറ്റ് ആല്‍വയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗമായിരുന്നു മാര്‍ഗരറ്റ് ആല്‍വയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.