തമിഴ്നാട്ടില്‍ വീണ്ടും പ്ലസ്വണ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. ശിവകാശി പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്- മീന ദമ്പതികളുടെ മകളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കുട്ടിക്ക് അതികഠിനമായ വയറുവേദന ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
മാതാപിതാക്കള്‍ ജോലിക്കായും മുത്തശ്ശി കടയിലേക്കും പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് മൃതദേഹം ശിവകാശി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തമിഴ്നാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന നാലാമത്തെ വിദ്യാര്‍ത്ഥിനിയാണിത്. മറ്റ് മൂന്ന് പേരും പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണ്. മൂന്നു പേരെ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കടലൂര്‍ ജില്ലയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചത്. മാതാപിതാക്കള്‍ തനിക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഐഎഎസ് സ്വപ്നം സഫലീകരിക്കാനാകാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നു നാല് പേജ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും ആശങ്കയിലാണ്. പെണ്‍കുട്ടികള്‍ ആത്മഹത്യാചിന്ത വെടിയണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു.