മന്ത്രിമാര്‍ക്ക മുന്നറിയിപ്പ് നല്‍കിയുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിന് ഫേസ്ബുക്കിലെഴുതിയ മറുപടി പിന്‍വലിച്ച് മന്ത്രി എം.ബി. രാജേഷ്. വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ് ഇടിച്ചുതാഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ലെന്നും ഉള്‍പ്പെടെ മൂന്ന് കാര്യങ്ങളാണ് രാജേഷ് ഫേസ്ബുക്കില്‍ മറുപടിയായി പറഞ്ഞത്. എന്നാല്‍ പോസ്റ്റ് മിനിട്ടുകള്‍ക്കകം അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. സിപിഎം നിര്ദേശമെത്തിയതിനു പിന്നാലെയാണ് മന്ത്രി പോസ്റ്റ് പിന്‍വലിച്ചത്. ഗവര്‍ണര്‍ക്കെതിരേ തത്കാലം മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിക്കേണ്ടെന്നാണ് പാര്‍ട്ടി നിര്‍ദേശം.
മന്ത്രിയുടെ പിന്‍വലിച്ച പോസ്റ്റ്:-
''ബഹുമാനപ്പെട്ട ഗവര്‍ണറുടെ ട്വീറ്റ് ശ്രദ്ധയില്‍പെട്ടു.അദ്ദേഹം പറയുന്നത്, മന്ത്രിമാര്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ അവരെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ്. മൂന്ന് കാര്യങ്ങള്‍ ആദരവോടെ വ്യക്തമാക്കട്ടെ.
1. വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ് ഇടിച്ചു താഴ്ത്തുന്നില്ല. ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതര്‍ അല്ല. ആരെയും അന്തസോടെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.
2. ഒരു വൈസ് ചാന്‍സലറെ ക്രിമിനലെന്നും 90 വയസ് കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ തെരുവു ഗുണ്ട എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാള്‍ക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തില്‍ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്റെ സംസ്കാരമല്ല.
3. ജനാധിപത്യത്തില്‍ ഗവര്‍ണറുടെ 'പ്ലഷര്‍' എന്നത്, രാജവാഴ്ചയിലെ രാജാവിന്റെ 'അഭീഷ്ടം'അല്ല എന്ന് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ.
ഭരണഘടനയുടെ 164-ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തില്‍ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഗവര്‍ണറുടെ പേരില്‍ ഇതുപോലെയുള്ള ട്വീറ്റ് തയാറാക്കുന്നവരാണ് അദ്ദേഹത്തിന്റെ പദവിക്ക് കളങ്കം ഏല്‍പ്പിക്കുന്നത്. അവരെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും.
ഇപ്പോള്‍ ഫേസ്ബുക്ക് പേജില്‍ 'കേരള ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ ഇനിപ്പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു' എന്ന് തുടങ്ങുന്ന പാര്‍ട്ടി കുറിപ്പാണ് ഏറ്റവും ഒടുവിലത്തേതായി കാണുന്നത്. ഇംഗ്ലീഷിലാണ് വാചകങ്ങള്‍.
Summary: Facebook post of Minister M.B. Rajesh, with advice to Kerala Governor, disappears within minutes. The latest post on the Minister's page is a statement issued by the Polit Bureau of the Communist Party of India (Marxist)