ഡല്‍ഹി വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ എഞ്ചിനില്‍ നിന്ന് തീപ്പൊരി വന്നതിനെ തുടര്‍ന്ന് ബാംഗളൂരുവിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. ഇന്‍ഡിഗോ 6E-2131 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. 184 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച രാത്രി 9.29 ന് ആയിരുന്നു സംഭവം. ഡല്‍ഹി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ വലത് ഭാഗത്തെ ചിറകിന് താഴെയാണ് തീ പടര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും വിമാനം അടിയന്തരമായി നിലത്തിറക്കുകയുമായിരുന്നു.
അപകടം നടന്നയുടനെ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. പിന്നീട് രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തില്‍ അയക്കുകയായിരുന്നു.
'വിമാനം അഞ്ചോ ഏഴോ സെക്കന്‍ഡിനുള്ളില്‍ പറന്നുയരും. പെട്ടെന്ന് ചിറകുകളില്‍ നിന്ന് വന്‍ തീപ്പൊരികള്‍ വരുന്നത് ഞാന്‍ കണ്ടു. അത് വലിയ തീയായി മാറി. ഉടന്‍ തന്നെ വിമാനം നിര്‍ത്തി. എഞ്ചിന് തകരാര്‍ ഉണ്ടെന്ന് പൈലറ്റ് ഞങ്ങളെ അറിയിച്ചു,' സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു യാത്രക്കാരന് പറഞ്ഞു. എന്നാല്‍ വിമാനം പറന്നുയരുമ്പോള്‍ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഗ്നിബാധ ഉണ്ടായപ്പോള്‍ യാത്രക്കാരെ അടിയന്തരമായി വിമാനത്തില്‍നിന്ന് പുറത്തിറക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപണമുണ്ട്.