കീടനാശിനി കലര്‍ന്ന ചായ കുടിച്ച് രണ്ട് കുട്ടികള്‍ അടക്കം നാല് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലെ നഗ്ല കന്‍ഹായ് ഗ്രാമത്തിലാണ് സംഭവം. കുട്ടികളുടെ പിതാവ് ശിവ് നന്ദന് ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലാണ്. ശിവാംഗ് (6), ദിവാംഗ് (5), രവീന്ദ്ര സിങ് (55),സൊബ്രന്‍ സിങ് എന്നിവരാണ് മരിച്ചത്. വീട്ടിലെ ആറ് വയസുകാരന് തയ്യാറാക്കിയ ചായ കുടിച്ചാണ് നാല് പേരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും പിതാവിനുമൊപ്പം താമസിച്ചിരുന്ന ശിവ് നന്ദന്റെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച രാവിലെ ഭാര്യപിതാവ് രവീന്ദ്ര സിങ് വീട്ടിലെത്തിയപ്പോള്‍ ചായ ഉണ്ടാക്കാനായി കുട്ടി അടുക്കളയില്‍ കയറുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. തിളപ്പിച്ച വെളളത്തില്‍ ചായപ്പൊടിക്ക് പകരം അബദ്ധത്തില്‍ കീടനാശിനി ചേര്‍ത്തതാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അയല്‍വാസിയായ സൊബ്രന്‍ സിങും ഈ സമയം ശിവ് നന്ദന്റെ വീട്ടിലെത്തി ചായ കുടിച്ചു. താമസിയാതെ അഞ്ചു പേര്‍ക്കും അസ്വസ്ഥത ഉണ്ടാവുകയും ഉടന്‍ തന്നെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. അധികം വൈകാതെ രവീന്ദ്രയും ശിവാംഗും ദിവാംഗും മരിച്ചു. തുടര്‍ന്ന് സൊബ്രന്‍ സിങിനേയും ശിവ് നന്ദനേയും സഫായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെവച്ച് സൊബ്രാന്‍ സിങിന്റെ സ്ഥിതി ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്.