ഹണി ട്രാപ്പില്‍ കുടുക്കി 21കാരനായ വ്യവസായിയില്‍ നിന്നും യൂട്യൂബര്‍ ദമ്പതികള്‍ തട്ടിയെടുത്തത് 80 ലക്ഷം രൂപ. സംഭവത്തില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്കെതിരെ ആഗസ്തില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാല്‍ അറസ്റ്റ് നടന്നില്ല. പിന്നീട് ജാമ്യ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡല്‍ഹി ഷാലിമാര്‍ബാഗ് നിവാസിയാണ് പ്രതി നാംറ ഖാദിര്‍.
ജോലിയുമായി ബന്ധപ്പെട്ടാണ് യുവാവ് നാംറ ഖാദിറിനെ ആദ്യമായി കാണുന്നത്. അതിന് ശേഷം സോഹ്ന റോഡിലെ നക്ഷത്ര ഹോട്ടലില്‍വെച്ച് സംസാരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. മനീഷ് ബെനിവാള്‍ എന്ന പ്രതിയുടെ സുഹൃത്തും അവിടെ ഉണ്ടായിരുന്നതായും പിന്നീട് പല തവണ ഇവരുമായി ദിവസങ്ങള്‍ ചെലവഴിച്ചതായും പരാതിക്കാരന് പറഞ്ഞു.
ഒപ്പം ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടി യുവതിക്ക് പലതവണയായി രണ്ടരലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ യുവതി തന്നോട് വിവാഹഭ്യര്‍ത്ഥന നടത്തിയെന്നും പരാതിക്കാരന് പറഞ്ഞു. ഇതിനിടെ ദമ്പതികള്‍ തന്റെ സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിച്ചെന്നും യുവാവ് പരാതിപ്പെട്ടു. ആ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷം രൂപയിലധികം യുവതി തട്ടിയെടുത്തെന്നും ഇയാള്‍ ആരോപിച്ചു. പരാതിപ്പെടുകയാണെങ്കില്‍ യുവാവിനെതിരെ ബലാത്സംഗ കേസ് നല്‍കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി.