പത്തനംതിട്ടയില്‍ പതിമൂന്നുകാരിയായ മകളെ ക്രൂരമായ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും വിധേയയാക്കിയ 52 കാരനായ പ്രതിക്ക് 107 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. അഡിഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ഒന്ന് ( പോക്സോ )ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ്, ഇരയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ പ്രതിയെ പോക്സോ നിയമത്തിലെ 3,4,5,6, ബാലനീതി നിയമത്തിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ച് വെവ്വേറെ ശിക്ഷകളും പിഴയും വിധിച്ചത്.
3,4,5,6, 5 ന്റെ ഉപവകുപ്പുകള്‍ എന്നിവ എല്ലാംകൂടി ചേര്‍ത്ത് ആകെ 107 വര്‍ഷവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷാവിധി. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 5 വര്‍ഷവും രണ്ടുമാസവും കൂടി അധികശിക്ഷ അനുഭവിക്കണം. പോക്സോ വകുപ്പ് 5(k), 5(h) എന്നിവയനുസരിച്ചുള്ള കുറ്റങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2020 ല്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, കുട്ടിയുടെ മൊഴി കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തി എസ് ഐ ലീലാമ്മയാണ് രേഖപ്പെടുത്തിയത്.
പീഡനം സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനില്‍ നിന്ന് പത്തനംതിട്ട പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത് അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ എസ് ന്യൂമാന്‍ ആയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജി സുനില്‍ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജെയ്സണ്‍ മാത്യൂസ് ഹാജരായി. കുട്ടി ഇപ്പോഴും വണ്‍ സ്റ്റോപ്പ് സെന്ററില്‍ കഴിയുകയാണ്. പിഴത്തുക കുട്ടിക്ക് നല്‍കാനും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്നും, കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.