നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനായ പി വി ജീവേഷ് ഫയല്‍ ചെയ്ത ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെ
ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചാണ് തള്ളിയത്. എത്രയും വേഗം ബില്ല് ഗവര്‍ണര്‍ ഒപ്പിടണമെന്നേ ഭരണ ഘടന പറയുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്ക്കുമെതിരാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ബില്ലില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ബില്ലിന് അംഗീകാരം നല്കുന്നില്ലെങ്കില് അതു നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ വേണം. മറിച്ച് അനന്തമായി ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ചില രാഷ്ട്രീയ അജന്‍ഡകളോടു കൂടിയതാണ് ഗവര്‍ണറുടെ നടപടികളെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.