ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. താനൂര്‍ സ്വദേശി സൗജത്തിനെ(30) ആണ് കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇവര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകന് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏഴു മാസത്തോളമായി സൗജത്തും പുതിയ ഭര്‍ത്താവും ഇവിടെയാണ് താമസം. സംഭവദിവസം ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
2018 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സൗജത്തും കാമുകനും ചേര്‍ന്നു സൗജത്തിന്റെ ഭര്‍ത്താവായ താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ മത്സ്യത്തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകന് സവാദി (40) നെയാണു കൊലപ്പെടുത്തിയത്.
മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ തലയ്ക്കടിച്ച ശേഷം മരണം ഉറപ്പുവരുത്താന്‍ കഴുത്തറക്കുകയും ചെയ്തു. വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ടു ദിവസത്തെ അവധിയില്‍ നാട്ടിലേക്കു വിളിച്ചുവരുത്തിയാണു ക്രൂരകൃത്യം നടത്തിയത്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം ജീവിക്കാനാണു കൊലപാതകം നടത്തിയതെന്നു സൗജത്ത് നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികള്‍.