യുപിയിലെ സംഭാലില്‍ ചൊവ്വാഴ്ചയാണ് സംഭവം.കല്യാണ വേദിയില്‍ അതിഥികള്‍ക്ക് മുന്നില്‍ വച്ച് വരന് ചുംബിച്ചതിനെ തുടര്‍ന്ന് യുവതി വിവാഹം ഉപേക്ഷിച്ചു. ദമ്പതികള്‍ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത ചുംബനം. വധു ഉടന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു.
300 ഓളം അതിഥികള്‍ക്ക് മുന്നില്‍ വച്ച് വരന് ചുംബിച്ചു എന്നാണ് യുവതിയുടെ പരാതി. സുഹൃത്തുക്കളുമായി ഒരു പന്തയത്തില്‍ വിജയിക്കാന്‍ വരന് തന്നെ ചുംബിച്ചെന്നും യുവാവിന്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിരുദധാരിയായ 23 കാരി പറഞ്ഞു. പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് വഴങ്ങിയില്ല.
''സ്റ്റേജില്‍ ഇരിക്കുമ്പോള്‍ യുവാവ് അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു, പക്ഷേ ഞാന്‍ അത് അവഗണിച്ചു. പിന്നീട് അവന് അപ്രതീക്ഷിതമായി എന്നെ ചുംബിച്ചു. എന്നില്‍ ഞെട്ടല്‍ ഉണ്ടാക്കി, മാത്രമല്ല എന്നെ അപമാനിക്കും വിധമായിരുന്നു ചുംബനം. എന്റെ ആത്മാഭിമാനത്തിന് വിലനല്കാതെ അതിഥികള്‍ക്ക് മുന്നില്‍ മോശമായി പെരുമാറി. ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഭാവിയില്‍ അവന് എങ്ങനെ പ്രവര്‍ത്തിക്കും? അവന്റെ കൂടെ പോകേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു''- വധു പൊലീസിനോട് പറഞ്ഞു.