പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്. 344) വിമാനത്തിലായിരുന്നു പാമ്പിനെ കണ്ടത്.
യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് വന്നത് എന്ന് വ്യക്തമല്ല. പാമ്പിനെ പിടിക്കാന്‍ കഴിയാതെവന്നതോടെ വിമാനയാത്ര അനിശ്ചിതമായി വൈകുകയായിരുന്നു. സന്ദര്‍ശക വിസക്കാരായ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര പുനഃക്രമീകരിക്കുംവരെ വിമാനത്താവളത്തില്‍ത്തന്നെ കഴിയേണ്ടിവന്നു.
വൈകീട്ട് 5.30-നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സന്ദര്‍ശക വിസയിലുള്ളവരെയും ഏതാനും താമസവിസക്കാരെയും നാട്ടിലെത്തിച്ചു. എന്നാല്‍, അതേവിമാനത്തില്‍ പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടിയതുമില്ല. ഇതുകാരണം കരിപ്പൂരില്‍നിന്നുള്ള ഈ വിമാനത്തിന്റെ നാലു സര്‍വീസുകള്‍ അനിശ്ചിതമായി വൈകി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഏവിയേഷന്‍ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തിവരികയാണെന്ന് വ്യോമയാന വിഭാഗം അറിയിച്ചു.