ബലാല്‍സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര്. സുനുവിനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സര്‍വ്വീസില്‍ നിന്നും പരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം ബോധ്യപ്പിക്കാനായി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഡിജിപിയാണ് ഇന്നലെ വൈകുന്നേരം നോട്ടീസ് നല്‍കിയത്.
15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആര്.സുനു. ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമര്‍ശിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനുവരിയില്‍ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. എന്നാല്‍ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന: പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ടബലാല്‍സംഗം കേസില്‍ ആരോപണം വിധേയാനായതിനെ തുടര്‍ന്ന് ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെകറായിരുന്ന സുനു ഇപ്പോള്‍ സസ്പെഷനിലാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷമ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്..
ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് മുന്‍ ഇന്‍സ്പെക്ടര്‍ പി.ആര്.സുനു ബലാല്‍സംഗ കേസില്‍ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച് കയറുന്നവര്‍ മുതല്‍ വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ പൊലീസില്‍ പതിവാണ്. ഇതൊഴിവാക്കാന്‍ സിഐ മുതല്‍ എസ്പിമാര് വരെയുള്ളവരുടെ സര്‍വ്വീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാംസംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസില്‍ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പൊലീസുകാരനെയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനെയും പിരിച്ചുവിടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി തുടങ്ങി. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനും നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നത് ആദ്യമല്ല. വിവാദങ്ങളും സമ്മര്‍ദ്ദങ്ങലും നിയമക്കുരുക്കും ചൂണ്ടിക്കാട്ടി ഓരോ തവണയും പിന്മാറും. പുതിയ നീക്കം പ്രഹനമാകുമോ അതോ സേനയിലെ ശുദ്ധീകരണം ഇത്തവണയെങ്കിലും നടപ്പാകുമോ എന്നാണ് ഇനി അറിയേണ്ടത്