ചൈനയില്‍ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം. വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദേശം നല്കി. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തല്ക്കാലം മാറ്റമില്ല.
അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചെങ്കിലും രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും.
തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം. വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം കൊവിഡ് പരിശോധന ഇന്നലെ ആരംഭിച്ചു. ആരെങ്കിലും കൊവിഡ് പോസിറ്റീവ് ആയാല്‍ തുടര്‍ന്ന് എല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.പോസിറ്റീവ് സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇന്‍സാകോഗ് ലാബുകളിലേക്കയയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്കി. രാജ്യത്താകെ 38 ലാബുകള്‍ ഇത്തരത്തിലുണ്ട്.
പോസിറ്റീവ് സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിന് അയയ്ക്കണം. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍ വൈകരുതെന്നും മുതിര്‍ന്ന പൗരന്മാര് ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദ്ദേശം.ഗുജറാത്തില്‍ യു.എസില്‍ നിന്ന് വഡോദരയില്‍ എത്തിയ ഇന്ത്യന്‍ വംശജയ്ക്കും വിദേശത്തുനിന്ന് അഹമ്മദാബാദില്‍ തിരിച്ചെത്തിയ പുരുഷനുമാണ് പുതിയ വകഭേദം ബാധിച്ചത്.
ഒഡീഷയിലാണ് മൂന്നാമത്തെ രോഗി.ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ അവലോകന യോഗം ചേര്‍ന്നിരുന്നു.