കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂര്‍ നരബലി കേസില്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത നിര്‍ണായക വിവരങ്ങള്‍ വീണ്ടെടുത്ത് പൊലീസ്. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്ആപ്പ് തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു. റോസിലിയെ കട്ടിലില്‍ ചേര്‍ത്തുകെട്ടി നരബലിക്കായി കിടത്തിയിരിക്കുന്ന നിര്‍ണായക തെളിവാണ് ഫേസ്ബുക്ക് മെസഞ്ചറില്‍നിന്നു പൊലീസ് വീണ്ടെടുത്തത്.
അതേസമയം പദ്മയുടെ മൊബൈല്‍ ഫോണ്‍ ഇനിയും ലഭിച്ചില്ലെന്നത് അന്വേഷണ സംഘത്തിന് ക്ഷീണമായി. റോസിലിയുടെ മൊബൈല്‍ ഫോണ്‍ ആലപ്പുഴ ഭാഗത്തുവച്ചു വലിച്ചെറിഞ്ഞു കളഞ്ഞതു തെളിവെടുപ്പിനിടെ ഷാഫി പോലീസിനു കാണിച്ചു കൊടുക്കുകയും അന്വേഷണസംഘം അത് വീണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രതികളുടെയും ഇരകളുടെയും കോള്‍ റെക്കോഡുകള്‍ വിശദമായി പരിശോധിച്ചു. ഇവരുമായി ബന്ധപ്പെട്ടിരുന്നവരെയെല്ലാം പോലീസ് വിളിച്ചു. ഇവരില്‍ സ്ഥിരം കസ്റ്റമര്‍മാരുമുണ്ടെന്നും പൊലീസ് പറയുന്നുണള്ട്. മുഖ്യപ്രതി ഷാഫി അഞ്ച് സിംകാര്‍ഡും രണ്ടു മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിരുന്നു എന്നാണ് മൊഴി നല്‍കിയതെന്നും എന്നാല്‍ ഒരു ഫോണ്‍ ഭാര്യ എറിഞ്ഞുടച്ചു എന്നും ഷാഫി വ്യക്തമാക്കിയിരുന്നു.
ഇലന്തൂരില്‍ നടന്നതു നരബലി തന്നെയാണെങ്കിലും ഷാഫിയുടെ ഉദ്ദേശ്യം നരബലിയല്ലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നരബലിയുടെ മറവില്‍ ഷാഫി നടത്തിയതു ലൈംഗിക വൈകൃതങ്ങളാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. മറിച്ച് ഇയാളുടെ ലക്ഷ്യം പണം സമ്പാദനമായിരുന്നില്ലെന്നും പൊലീസ് പറയുന്നു. കൊലപ്പെടുത്തും മുമ്പു ഇരുവരെയും ഷാഫി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. മറ്റു രണ്ടു പ്രതികളുടെ സാന്നിധ്യത്തിലായിരുന്നു ഇതു ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.