ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂര്‍ണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയില്‍ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചല്‍ സ്വദേശി നാസുവിന്റെ (24) അറസ്റ്റാണ് രേഖപ്പെടുത്തിയത്. മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കേരളാപുരം സ്വദേശി ഉമാ പ്രസന്നന് (32) ആണ് മരിച്ചത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.
29ന് ബീച്ചില്‍ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാള്‍ മൊഴി നല്കി. ഡിസംബര്‍ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്.
ഇയാളെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31ന് കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ സംശയാസ്പദമായി ഫോണ്‍ കണ്ടതോടെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നു പറഞ്ഞു. ഈ ഫോണില്‍നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം ഇവര്‍ പൊലീസിനെ അറിയിച്ചു. ഫോണ്‍ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു.
തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ കൊട്ടിയം പൊലീസിലെത്തി ഫോണ്‍ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നല്കിയ കുണ്ടറ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. ഇന്നു രാവിലെ യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടുവെന്ന കാര്യം യുവാവ് പൊലീസിനു മൊഴി നല്‍കിയത്.
ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതിയെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ പൂര്‍ണനഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.
മുന്‍പ് ലോട്ടറി വില്പനയായിരുന്നു യുവതിക്ക് ജോലി. അതിനുശേഷമാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുവില്പന നടത്താന്‍ തുടങ്ങിയത്. എല്ലാദിവസവും രാത്രി ഏഴിന് യുവതി വീട്ടിലെത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. 29ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായി. ബന്ധുവീടുകളില്‍ പോയിരിക്കാമെന്ന ധാരണയില്‍ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയത്.