കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനന് നമ്പൂതിരിക്കും സംഘത്തിനുമെതിരെ ഒരു കൂട്ടര് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ജാതി അധിക്ഷേപമാണ് നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നതിനെതിരെയാണ് മുന്‍ മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാല പൊല്റ്റിക്കല് സയന്‍സ് വിഭാഗത്തിലെ അദ്ധ്യാപകനുമായ ഡോ അരുണ്‍കുമാര്‍ തുടങ്ങിവച്ച വിമര്‍ശനം ഇവര്‍ ഏറ്റുപിടിച്ചത്.
കലോത്സവത്തില്‍ സ്ഥിരമായി വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നത്, ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെയും ജാതിവാദത്തിന്റെയും, ശുദ്ധതാവാദത്തിന്റെയും ലക്ഷണമായാണ് ഇവര്‍ കാണുന്നത്. എന്നാല്‍ ഇവര്‍ ആരോപിക്കുന്ന പോലെ ബ്രാഹ്മണിക്കലായ അശുദ്ധിയുടെ ഭാഗമൊന്നും ആയിട്ടില്ല പഴയിടം മോഹനന് നമ്പൂതിരി ഇവിടെ ഭക്ഷണം വിളമ്പുന്നതെന്നും, അദ്ദേഹത്തിന് നോണ്‍ വെജിറ്റേറിയനോട് യാതൊരു അയിത്തവുമില്ലെന്നും സോഷ്യല്‍ മീഡിയ ആക്്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇതേ പഴയിടം തന്നെയാണ് സംസ്ഥാന സ്കുള് കായികമേളയില്‍ ചിക്കനും, ബീഫും വിളമ്പിയത്.
കായികമേളക്കിടെ പഴയിടം ഏഷ്യനെറ്റിന് കൊടുത്ത ഒരു ഇന്റവ്യൂവും ഇപ്പോള്‍ വൈറല്‍ ആയിട്ടുണ്ട്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. 'കായികമേളയില്‍ വെറൈറ്റിയേക്കാള് കുട്ടികള്‍ക്ക് ന്യുട്രീഷ്യസ് ഫുഡ് കൊടുക്കുക എന്നതാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പാല്, മുട്ട പഴം, വൈകുന്നേരം ഒന്നുകില്‍ ബീഫ് അല്ലെങ്കില്‍ ചിക്കന്‍, ഇവയില്‍ ഏതെങ്കിലും ഒന്ന് ഊണിനൊപ്പം ഉണ്ടാവും.''- അതായത് ചിക്കനും ബീഫും ഒന്നും പാകം ചെയ്യാന്‍ പഴയിടത്തിന് യാതൊരു മടിയും ഇല്ല എന്നും, ബ്രാഹ്മണിക്കല്‍ ബോധ്യങ്ങള്‍ അദ്ദേഹത്തെ നയിക്കുന്നില്ല എന്ന് വ്യക്തമാണ്.
വര്‍ഷങ്ങളായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പാചകത്തിന്റെ ചുമതല പഴയിടത്തിനാണ്. കോഴിക്കോട്ടേത് പഴയിടത്തിന്റെ പതിനാറാമാത്തെ കലോത്സവമാണ്. ഒരു കായിക മേളയിലോ കലാമേളയിലോ വന്ന് തീരുന്നതല്ല പഴയിടത്തിന്റെ പെരുമയെന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. വിവാദം അനാവശ്യമാണെന്നും ഗൂഢലക്ഷ്യങ്ങളോടെയാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്.
കലോത്സവ ഭക്ഷണ പന്തലില്‍ ഭക്ഷണം വിളമ്പിത്തുടങ്ങിയാല്‍ പിന്നെ മണിക്കൂറുകളോളം അണമുറിയാത്ത പ്രവാഹമായിരിക്കും. ആയിരക്കണക്കിന് പേരാകും വരിനിന്ന് ഭക്ഷണം കഴിക്കാനെത്തുക. സദ്യയിലെ കറികള്‍ തീര്‍ന്നാല്‍ എളുപ്പത്തില്‍ പകരം കറികള്‍ ഉണ്ടാക്കാം. എന്നാല്‍ നോണ്‍വെജ് വിഭവങ്ങള്‍ തീര്‍ന്നാല്‍ പെട്ടെന്ന് അവ ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ടും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
ഡോ അരുണ്‍കുമാറിന്റെ വിവാദ പോസ്റ്റ് ഇങ്ങനെയാണ്:
'ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയന്‍ ഭക്ഷണം എന്ന രൂപത്തില്‍ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തിന് ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവര്ണ്ണന് ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂര്‍വ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധികലര്‍ത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.''