ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ കുട്ടി കാമുകന്റെ 'കൈവിട്ട കളി' ഒടുവില്‍ പോലീസ് കേസായി. എട്ടാം ക്ലാസ്സുകാരനായ വിദ്യാര്‍ത്ഥിയാണ് ആറാംക്ലാസ്സുകാരിയുടെ വീട്ടില്‍ കയറി അതിക്രമം കാണിച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി എട്ടാം ക്ലാസുകാരന് പെണ്‍കുട്ടിയെ പിന്തുടരുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുകയാണെന്ന് അറിഞ്ഞ വീട്ടുകാര്‍ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടിയുടെ ടി സി വാങ്ങി മറ്റൊരു സ്കൂളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രകോപിതനായി ആണ്‍കുട്ടി ചെയ്ത കാര്യങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. പതിനാലു വയസ്സുകാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തിമുനയില്‍ നിറുത്തി നെറുകയില്‍ സിന്ദൂരമണിയിക്കുകയായിരുന്നു വിദ്യാര്‍ത്ഥി.
പൊലീസ് പറയുന്നത് പ്രകാരം സംഭവം ഇങ്ങനെ:
എട്ടാം ക്ലാസ്സുകാരന് പെണ്‍കുട്ടിയോട് അമിതമായ പ്രണയമായിരുന്നു. അതിനാലാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ പ്രേരിപ്പിച്ചത്. സുഹൃത്തുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്ത സമയം എത്തുകയായിരുന്നു.
അപ്പോള്‍ പെണ്‍കുട്ടി നിലം തുടക്കുകയായിരുന്നു. കൂടെയുള്ള മറ്റൊരാണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വെച്ചപ്പോള്‍ കാമുകന് നെറുകയില്‍ സിന്ദൂരം ചാര്‍ത്തി. എന്നാല്‍ ഇതെല്ലാം കണ്ട് ഭയന്ന പെണ്‍കുട്ടി പേടിച്ച് നിലവിളിച്ചപ്പോള്‍ ഇവര്‍ കടന്നു കളഞ്ഞു.
പെണ്‍കുട്ടിയുടെ അച്ഛന് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്കി രണ്ടു പേരെയും പിടികൂടി. എന്നാല്‍ ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമില്ലെന്നും താന്‍ പെണ്‍കുട്ടിയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പൊലീസ് കസ്റ്റഡിയിലും ആണ്‍കുട്ടി ആവര്‍ത്തിച്ചു. ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.