ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ എല്ലാവരെയും ഞെട്ടിച്ച് ഇതാ വീണ്ടും ഒരു നരബലിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രവാദിയോടുള്ള കടുത്ത പ്രണയത്തിന്റെ പേരില്‍ സ്വന്തം അമ്മ തന്നെയാണ് നാല് മാസം പ്രായമായ കുഞ്ഞിനെ നരബലി നടത്തിയത്.
ഗോസയ്ഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള മജ്രെ ധനുവാദിഹ് ഗ്രാമത്തിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ താമസക്കാരിയായ 35കാരി മഞ്ജു ദേവിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മന്ത്രവാദി പറഞ്ഞത് പ്രകാരം കാര്യസാധ്യത്തിന് വേണ്ടിയാണ് ഇവര്‍ കുഞ്ഞിനെ ബലി നല്‍കിയത്. മന്ത്രവാദിയും ഇവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മന്ത്രവാദിക്കൊപ്പം ജീവിക്കാനായിരുന്നു യുവതി ആഗ്രഹിച്ചിരുന്നത്. കുഞ്ഞിനെ ഗ്രാമത്തിലെ കറുത്ത വിഗ്രഹത്തിന് മുന്നിലെത്തിച്ച് തൂമ്പ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തൂമ്പ സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. യുവതിയെ കൊലപാതകത്തിനു പ്രേരിപ്പിച്ച മന്ത്രവാദി ഒളിവിലാണ്.