കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ചുവിന്റെയും (35) മക്കളായ ജീവ (6 ), ജാന്‍വി (4) എന്നിവരുടെയും ഇന്‍ക്വസ്റ്റ് ഹിയറിംഗ് പൂര്‍ത്തിയായി. ജീവയെയും ജാന്‍വിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും, ഇവരുടെ അമ്മയെ ശ്വാസം മുട്ടിച്ച കൊലപ്പെടുത്തിയെന്നും ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. കുട്ടികളുടെ പിതാവ് കണ്ണൂര്‍ സ്വദേശിയായ സാജു ചേലവേലിലാണ് കുറ്റങ്ങള്‍ നേരിടുന്നത്. 52-കാരനായ ഇയാള്‍ക്കെതിരെ നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് മൂന്ന് കൊലപാതക കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
ഡിസംബര്‍ 15നാണ് ലോക മലയാളികളെത്തന്ന ഞെട്ടിച്ച സംഭവം ബ്രിട്ടനില്‍ അരങ്ങേറിയത്. കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകളായ അഞ്ജുവിനെയും രണ്ടു മക്കളെയും ഭര്‍ത്താവ് സാജു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരും ശ്വാസം കിട്ടാതെയാണ് മരിച്ചിട്ടുള്ളതെന്ന് ലെസ്റ്റല്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ നടന്ന ഫോറന്‍സിക് പോസ്റ്റ്മോര്‍ട്ടം പരിശോധന വ്യക്തമാക്കി. കുട്ടികളുടെ മരണം കഴുത്ത് ഞെരിച്ചും, അഞ്ജുവിനെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് ഇന്‍ക്വസ്റ്റില്‍ കൊറോണര്‍ ആനി ബെംബര് വ്യക്തമാക്കിയത്.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു എന്ന വിവരം ലഭിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസ് വീട്ടില്‍ നിന്നു തന്നെ സാജു ചെലവാലേലിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസിലെ അന്വേഷണോദ്യോഗസ്ഥര്‍ സാജുവിനെതിരെ മൂന്ന് കൊലപാതക കേസുകള്‍ ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.
അതേസമയം, അഞ്ചുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഞ്ജുവിന്റെയും മക്കളുടെയും ശവസംസ്കാരം ക്രമീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് യുകെയില്‍ മറ്റു ബന്ധുക്കള്‍ ഇല്ലാത്തതുകൊണ്ട് സഹപ്രവര്‍ത്തകനായ മനോജ് മാത്യുവിനെയാണ് നെക്സ്റ്റ് ഓഫ് കിന് ആയി അഞ്ജുവിന്റെ കുടുംബം നിയോഗിച്ചത്. മനോജ് മാത്യു മൃതദേഹങ്ങളെ കേരളത്തിലേക്ക് അനുഗമിക്കുന്നുണ്ട്.