കേരളത്തിലെ ജനജീവിതത്തിന് ഭീഷണിയായ തെരുവ് നായ ശല്യം ഇങ്ങ് യുകെയിലും. വ്യാഴാഴ്ച ഉച്ചക്ക് 2.45 ന് സറേയിലെ കറ്റര്ഹമില് ഒരു നായ വഴിയെ പോകുന്നവരെയെല്ലാം ഓടിച്ചു കടിക്കുകയായിരുന്നു. കടിയേറ്റ് ഇരുപത് വയസ്സോളം പ്രായമുള്ള ഒരു യുവതി തല്‍ക്ഷണം മരിച്ചു. മനുഷ്യരേയും കുതിരകളേയും ഓടിച്ചിട്ടു കടിക്കുകയായിരുന്നു ഈ നായ എന്ന് പ്രദേശവാസികള്‍ പറയുന്നു.
വിവരമറിഞ്ഞ് സറേ പോലീസ് സ്ഥലത്തെത്തി.ഗ്രാവെല്ലി ഹില്ലില്‍ നിന്നും 999-ലേക്ക് വിളി വന്നതോടെ ഏഴ് നായകളെ സായുധ പോലീസ് പിടിച്ചെടുത്തു. യുവതി മരണമടഞ്ഞ വിവരം പോലീസ് സ്ഥിരീകരിച്ചു.
നായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടാമത്തെ സ്ത്രീയുടെ ജീവന് ഭീഷണിയില്ലെന്ന് പോലീസ് പറഞ്ഞു. സായുധ ഓഫീസര്‍മാര്‍ നാഷണല്‍ പോലീസ് എയര്‍ സര്‍വ്വീസിന്റെ സഹായത്തോടെയാണ് ഏഴ് നായകളെ പിടികൂടിയത്. ഇതേ തുടര്‍ന്ന് ഗ്രാവെല്ലി ഹില്‍സില്‍ പലയിടങ്ങളിലും റോഡുകള്‍ അടച്ചിടുകയും ചെയ്തു.
പ്രദേശവാസികളെ ഭയപ്പെടുത്തുന്ന സംഭവമാണ് അരങ്ങേറിയതെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ അലന് സ്പ്രോട്സണ് പറഞ്ഞു. പ്രശ്നക്കാരായ എല്ലാ നായകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായത് തെരുവു നായ്ക്കളാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല
നിയമപ്രകാരം നായയുടെ അക്രമത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഉടമയ്ക്ക് 14 വര്‍ഷം വരെ ജയില്‍ശിക്ഷയും, പിഴയും അനുഭവിക്കേണ്ടി വരും. ആര്‍ക്കെങ്കിലും പരുക്കേറ്റാണ് ഉടമയ്ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷയും, പിഴയും നേരിടേണ്ടി വരും. അപകടകരമായ രീതിയില്‍ നായ്ക്കളെ അഴിച്ചു വിടുന്നവര്‍ക്ക് ആറുമാസം വരെയാണ് ശിക്ഷ.