കേരളത്തില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട അന്‍പതിലധികം പോലീസുകാര്‍ പിരിച്ചു വിടല്‍ നടപടിയുടെ വക്കില്‍ നില്‍ക്കുന്നതിനിടെ, യുകെയിലും പോലീസിനുള്ളിലെ ക്രിമിനലുകള്‍ നിരവധിയാണെന്ന കണക്കുകളാണ് പുറത്തു വരുന്നത്. 800 ഓളം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട 1,000 ലൈംഗിക, ഗാര്‍ഹിക പീഡന ക്ലെയിമുകള്‍ അന്വേഷിക്കുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ഡസന്‍ കണക്കിന് ബലാത്സംഗങ്ങള്‍ ഉള്‍പ്പെടെ 49 കുറ്റകൃത്യങ്ങളില്‍ പിസി ഡേവിഡ് കാരിക് കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണിത്. 20 വര്‍ഷത്തോളമായി ഏകദേശം 80ലധികം ലൈംഗിക കുറ്റകൃത്യങ്ങളിലാണ് ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 2003 നും 2020 നുമിടയില്‍ ഏകദേശം 36 കേസുകളില്‍ ഇയാള്‍ ഇന്ന് കുറ്റസമ്മതം നടത്തി.
ഇരകളെ അടിമകളെ പോലെ പെരുമാറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്ന ഇയാള്‍, സ്ത്രീകളെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്തിരുന്നു. ബെല്‍റ്റുകൊണ്ട് അടിക്കാനും, എതിര്‍ക്കുന്നവരെ നഗ്നരാക്കി ഇയാള്‍ മര്ദിച്ചവശയാക്കുമായിരുന്നെന്നും കോടതിയില്‍ നടന്ന വിസ്താരത്തില്‍ അഭിഭാഷകര്‍ ചൂണ്ടികാട്ടുന്നു. പല കേസുകളിലും ഇയാള്‍ പോലീസ് ആണെന്ന് തന്നെയാണ് പറയുന്നതെന്നും, പദവിയെ ദുരുപയോഗം ചെയ്ത് കൊണ്ടാണ് കൂടുതല്‍ കേസുകളിലും ഇയാള്‍ ഇടപെട്ടിട്ടുള്ളതെന്നുമാണ് പുറത്ത് വരുന്ന വിവരം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കേണ്ട ആളുകള്‍ തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നാണ് വിഷയത്തില്‍ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2003-ല്‍ 40 വയസ്സുള്ള ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ച സംഭവത്തിലാണ് ഇയാള്‍ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരായത്.
2001-ല്‍ മെറ്റില് ചേരുന്നതിന് മുമ്പ് കരസേനയില്‍ സേവനമനുഷ്ഠിച്ച കാരിക്ക്, 2004 മാര്‍ച്ചിനും 2020 സെപ്റ്റംബറിനുമിടയില്‍ 20 ബലാത്സംഗങ്ങള്‍ ഉള്‍പ്പെടെ 45 കേസുകളില്‍ കുറ്റസമ്മതം നടത്തി. 'ഞങ്ങള്‍ പരാജയപ്പെട്ടു, ക്ഷമിക്കണം, അവന് ഒരു പോലീസ് ഓഫീസര്‍ ആകാന്‍ പാടില്ലായിരുന്നു,' - മെറ്റ് ചീഫ് സര് മാര്‍ക്ക് റൗലി പറഞ്ഞു.