മത്സര ഓട്ടത്തിനിടെ നടപാതയിലേക്ക് സ്പോര്‍ട്സ് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞിനും ദാരുണാന്ത്യം. ജസ്റ്റിന് ഹല്ബോജും(27) മകള്‍ നാല് വയസുകാരി ലെന ചെപ്സോറുമാണ് മരണപ്പെട്ടത്. വെള്ള ഔഡി ടി ടി ആര് എസ് ആണ് അപകടത്തില്‍പെട്ട വാഹനം. നേഴ്സറിയിലേക്ക് പോകുന്നതിനിടയില്‍ അമിത വേഗതയില്‍ എത്തിയ സ്പോര്‍ട്സ് കാര്‍ നിയന്ത്രണം വിട്ട് നടപാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മറ്റൊരു കാറുമായി മത്സരയോട്ടത്തിലായിരുന്നു ഔഡിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ 26, 34 വയസ്സുള്ള പുരുഷന്മാരെയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇവരെ സഹായിച്ച ഒരു 65-കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു ബിഎംഡബ്യു 135-നൊപ്പം മത്സരിക്കവെയാണ് ഇരുവരെയും കൊലപ്പെടുത്തിയ അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. വെസ്റ്റ് യോര്‍ക്ക് ക്ഷെയറിലെ ലീഡ്സിലെ ജാഗ്വാര്‍ കാര്‍ ഡീലര്‍ഷിപ്പിന് സമീപമുള്ള മതിലില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റൊരു കാറുമായി വാഹനം മത്സരിച്ചു വരികയായിരുന്നെന്നും, ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെന്നും പോലീസ് കൂട്ടിചേര്‍ത്തു. ഔഡി കാറിന്റെ ശക്തിയേറിയ എഞ്ചിന് അപകടത്തിന് മുന്‍പ് ഇരമ്പിക്കുന്ന ശബ്ദം കേട്ടിരുന്നതായി സാക്ഷികള്‍ പറയുന്നു. കാറിടിച്ച് തെറിപ്പിച്ച പെണ്‍കുഞ്ഞിന്റെ ശരീരം ജാഗ്വാര്‍ ഡീലര്‍ഷിപ്പിന്റെ മുന്‍ഭാഗത്ത് നിന്നുമാണ് ഓടിയെത്തിയ ജോലിക്കാര്‍ കണ്ടെത്തിയത്.
തൊട്ടടുത്തുള്ള റെഡ് ലൈറ്റില്‍ എഞ്ചിന് ഇരമ്പിച്ച് നിന്ന ഡ്രൈവര്‍ സിഗ്നല്‍ ലഭിച്ചതോടെ മുന്നോട്ട് പാഞ്ഞ ശേഷമായിരുന്നു അപകടം സൃഷ്ടിച്ചത്. എ61-ല്‍ പലപ്പോഴും വേഗപരിധികളൊന്നും പാലിക്കാതെ ഇത്തരം വാഹനങ്ങള്‍ റേസിംഗ് ട്രാക്കായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.