ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാജവീഡിയോ നിര്‍മ്മാണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പറഞ്ഞു. ഏഷ്യാനെറ്റിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെ ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റായി ചിത്രീകരിച്ചിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ശരിയല്ല. ഏതെങ്കിലും തരത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കിടുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ബി.ബി.സി റെയ്ഡുമായി ഇതിന് താരതമ്യം ഇല്ല. ബി.ബി.സി ചെയ്തത് വര്‍ഗീയ കലാപത്തിലെ ഭരണാധികാരിയുടെ പങ്ക് തുറന്ന് കാണിക്കുകയാണ്. വ്യാജ വീഡിയോ സര്‍ക്കാരിന് എതിരായ വാര്‍ത്തയല്ല.' പരാതി വന്നാല്‍ മാധ്യമമാണെന്ന് പറഞ്ഞ് പൊലീസ് പരാതി കീറി കളയുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
'മാധ്യമപ്രവര്‍ത്തകരില്‍ മഹാഭൂരിഭാഗം ഇത്തരം ദുഷിപ്പുകള്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരമാണ്. കുറ്റകൃത്യം ചെയ്താല്‍ മാധ്യമ പ്രവര്‍ത്തകരായാല്‍ നടപടി വേണ്ടെന്നല്ല നിയമം പറയുന്നത്. മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും എന്ന വേര്‍തിരിവില്ല.
ഈശ്വരന് തെറ്റ് ചെയ്താലും താന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. പെണ്‍കുട്ടികളെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിക്കുമെന്ന് സ്വപ്നത്തില്‍ പോലും സ്വദേശാഭിമാനി പോലും കരുതിയിട്ടുണ്ടാവില്ല.' വ്യാജ വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്ക് ആ പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.