വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ രണ്ടുപേര്‍ കുടുങ്ങിയ സംഭവത്തിന് കാരണം കണ്ടെത്തി. കാരണമായി പരിശീലകന്റെ അലക്ഷ്യമായ പറക്കല്‍ എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ഇന്നലെ വൈകീട്ട് നാലുമണിയോടെ തുടങ്ങിയ ഗ്ലൈഡിങില്‍ അഞ്ചാം മിനിറ്റില്‍ തന്നെ നിയന്ത്രണം നഷ്ടമായപ്പോള്‍ തന്നെ അടിയന്തരമായി താഴെയിറക്കാന്‍ കോയമ്പത്തൂര്‍ സ്വദേശിനിയായ പവിത്ര ആവശ്യപ്പെട്ടിട്ടും പരിശീലകന് ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് തയ്യാറായില്ല. യാത്രക്കാരി നിലവിളിച്ചിട്ടും പരിശീലകന് യാത്ര തുടര്‍ന്നെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇതാണ് വലിയ അപകടത്തിലേക്ക് വഴി വെച്ചത്.
പരിശീലകന് സന്ദീപിന് പുറമേ കമ്പനിയുടെ ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വ്വമല്ലാത്ത കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, പവിത്രയില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ എന്ന വ്യാജേന എത്തി സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയത് ശ്രേയസും പ്രഭുദേവയുമാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.