28ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി മരിച്ചു. ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജി (38), മകന് ബെന്‍ ടോം (7) എന്നിവരാണ് മരിച്ചത്.
അമ്മയും മകനും ഇന്ന് രാവിലെ 6 മണിയോടെ ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. നവജാതശിശു മരിച്ചതില്‍ ലിജി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍.
ഇന്നു രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍. പള്ളിയില്‍നിന്നു മടങ്ങിയെത്തിയ ബന്ധുക്കള്‍ വീട്ടില്‍ ലിജിയെയും മകനെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.