ബ്രഹ്മപുരത്ത് 12 ദിവസം നീണ്ടു നിന്ന തീ പിടുത്തത്തിന് ആരെങ്കിലും തീ വെച്ചതാണെന്നതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇവിടെ ആരെങ്കിലും തീ വെച്ചതായി തെളിവ് കിട്ടിയിട്ടില്ല. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് ഈ കാര്യം ചൂണ്ടിക്കാട്ടുന്നത്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
തീപിടിത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. തീപിടിത്തം ഉണ്ടായ സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി സാധ്യത പൂര്‍ണമായും റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സൂചന.
പ്ലാന്റിലെ ജീവനക്കാരും കരാര്‍ കമ്പനി അധികൃതരും നാട്ടുകാരും ഉള്‍പ്പെടെ അമ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തി. എന്നാല്‍ തീയിട്ടതിന് തെളിവുകളൊന്നും ലഭിച്ചില്ല. തീ അണഞ്ഞശേഷം വിദഗ്ധരുടെ സഹായത്തോടെ പ്ലാന്റില്‍ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.