കൊച്ചി : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്. ചടങ്ങില്‍ തന്നെ മനഃപൂര്‍വം അവഗണിക്കുകയായിരുന്നു എന്നാണ് കെ മുരളീധരന്റെ പരാതി.
മുരളീധരന് കൊച്ചിയിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചടങ്ങില്‍ കെപിസിസി മുന്‍ പ്രസിഡന്റായിട്ടും തനിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നും. പാര്‍ട്ടി മുഖപത്രം വീക്ഷണത്തിലെ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് മുരളീധരന് വിമര്‍ശിച്ചു.
മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ: 'മൂന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരാണ് ചടങ്ങില്‍ പങ്കെടുത്തത്. താനും രമേശ് ചെന്നിത്തലും എംഎം ഹസ്സനും. ഇതില്‍ രമേശ് ചെന്നിത്തലയും എംഎം ഹസനും പ്രസംഗിച്ചു. തനിക്ക് മാത്രം അവസരം നല്‍കിയില്ല. സ്വാഭാവികമായും അവഗണനയുടെ ഭാഗമായിരിക്കുമല്ലോ. അതിനെന്താണ് കാരണമെന്ന് അറിയില്ല. കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ പങ്കെടുക്കേണ്ടത് ആവശ്യമാണ്. പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഉണ്ടെന്ന് അറിയിച്ചതുമാണ്. വീക്ഷണത്തിന്റെ സപ്ലിമെന്റിലും തന്റെ പേരില്ല. ബോധപൂര്‍വം മാറ്റിനിര്‍ത്തിയതാണ്. തന്റെ സേവനം പാര്‍ട്ടിക്കുവേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്താന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.