തിരുവില്വാമലയില്‍ എട്ടു വയസ്സുകാരി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ മൂന്ന് വര്‍ഷം പഴക്കമുള്ളതായി കണ്ടെത്തി. പാലക്കാട് തന്നെയുള്ള ഒരു കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും കഴിഞ്ഞ വര്‍ഷം അവിടെ ചെന്നു തന്നെ ബാറ്ററി മാറ്റിയതായും കണ്ടെത്തി.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ മുത്തശ്ശിയും കുട്ടിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. വലതു കൈവിരലുകള്‍ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മറ്റു വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.