വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മഴയത്ത് ചോര്‍ന്നെന്നാണ് പറയുന്നത്. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചു.
പിറകിലെയും മധ്യഭാഗത്തെയും ഓരോ കോചിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ തന്നെ നിര്‍ത്തിയിട്ട ട്രെയിനിന്റെ അറ്റകുറ്റപണി നടക്കുകയാണ്. ചൊവ്വാഴ്ച കാസര്‍കോട്ട് ആദ്യ സര്‍വീസ് അവസാനിച്ച ട്രെയിന്‍ അതീവ സുരക്ഷയ്ക്കായി കണ്ണൂരില്‍ എത്തിച്ചതാണ്. ബുധനാഴ്ച 2.30 ന് കാസര്‍കോട് നിന്നും സര്‍വീസ് ആരംഭിക്കേണ്ട ട്രെയിനാണിത്. എന്നാല്‍ സംഭവത്തെ കുറിച്ചു റെയില്‍വെ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച രാത്രി തന്നെ ട്രെയിന്‍ കാസര്‍കോടുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു. വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് രാത്രി പതിനൊന്നു മണിയോടെ വന്ദേഭാരത് കണ്ണൂരിലെത്തിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് നിര്‍ത്തിയിട്ടിരുന്നത്.