ഇനിവരുന്ന മാര്‍ച്ച് 31നകം കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്കി സര്‍ക്കാര്‍.തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ജൂണ്‍ അഞ്ചിന് ഇതിനായുളള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാലിന്യമുക്ത കേരളത്തെക്കുറിച്ച് ജനപ്രതിനിധികളെ ബോധവത്കരിക്കാന്‍ വാര്‍ഡ് അംഗങ്ങള്‍ മുതല്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികളോട് വരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഓണ്‍ലൈനില്‍ സംസാരിക്കും. മെയ് രണ്ടിനാണ് ജനപ്രതിനിധികളോട് സംസാരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മാലിന്യമുക്തമാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ഓഫീസുകളെയും ഹരിത ഓഫീസുകളാക്കി ജൂണ്‍ അഞ്ചിന് പ്രഖ്യാപിക്കും. എല്ലാ ഓഫീസുകളും ഹരിത ഓഫീസുകളായെന്ന് ഉറപ്പാക്കാന്‍ വകുപ്പുകളുടെ ഏകോപിപ്പിച്ച പ്രവര്‍ത്തനവും നടക്കും.
ജൂണ്‍ അഞ്ചിന് മുമ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശുചിയാണെന്ന് ഉറപ്പ് വരുത്തും. വിപുലമായ ജനകീയ ക്യാമ്പയിനും നടത്താന്‍ തീരുമാനം. ജൈവമാലിന്യം സംസ്കരിക്കാന്‍ ഉറവിട മാലിന്യ സംസ്കരണ സംവിധാനം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പാക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ അജൈവ മാലിന്യം യൂസര്‍ ഫീ നല്കി ഹരിതകര്‍മസേനക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.