ന്യൂജെഴ്സി : കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മെയ് 20ന് ന്യൂജേഴ്സിയിലാണ് അലയുടെ ഒന്നാംപാദ സാഹിത്യോത്സവം അരങ്ങേറുക. അലയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേല്‍നോട്ടത്തില്‍ ന്യൂജേഴ്സി, ന്യൂയോര്‍ക്, പെന്‍സില്‍വാനിയ, ബോസ്റ്റണ്‍ എന്നീ ചാപ്റ്ററുകള്‍ ന്യൂജേഴ്സിയില്‍ നടക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കും.
ന്യൂജെഴ്സിയിലെ അല ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മലയാളത്തിന്റെ എഴുത്തുകാരായ പോള്‍ സഖറിയ (സഖറിയ), ബെന്യാമിന്, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവര്‍ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകള്‍ കഥകളി ഉള്‍പ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും.
2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10ന് ന്യൂജെഴ്സിയില്‍ നടക്കുന്ന സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയില്‍ പ്രീയപ്പെട്ട എഴുത്തുകാരന് സഖറിയ 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന വിഷയത്തില്‍ സംവദിക്കും. ഇതിനെത്തുടര്‍ന്ന് ആടുജീവിതത്തിന്റെ കഥാകാരന് ബെന്യാമിന് 'മാറുന്ന ലോകത്തെയും മാറുന്ന പ്രവാസികളെയും' കുറിച്ച് സംസാരിക്കും.
സമകാലീന മലയാള സാഹിത്യത്തിന്റെ സമ്മിശ്ര ഭാവങ്ങളെ സംബന്ധിച്ച് ഡോണ മയൂര അനുഭവങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കും.
സംഭാഷണ പരമ്പരയില്‍ യഥാക്രമം കീര്‍ത്തിക് ശശിധരന്, നസീര്‍ ഹുസൈന്, ആര്‍ദ്ര മാനസി എന്നിവര്‍ മോഡറേറ്റര്‍മാരായി എത്തും.
സാഹിത്യോത്സവത്തിന്റെ ഭാഗമായി മണ്ഡപത്തില്‍ രജനി മേനോന്റെ കഥകളി (പൂതനാമോക്ഷം), നിമ്മി ആര്. ദാസ് അവതരിപ്പിക്കുന്ന നൃത്തരൂപം (ഇനി ഞാന്‍ പോയ് വരാം), നിഷാ പ്രദീപ്, സ്വപ്ന കാലത് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തം 'ദി വിസ്ഡം വിത്തിന്' എന്നിവയും അരങ്ങേറും.
സാഹിത്യോത്സവത്തോട് അനുബന്ധമായി മലയാളിയുടെ പ്രിയങ്കരനായ സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന രീതിയില്‍ തയ്യാറാക്കുന്ന ബഷീര്‍ കോര്‍ണര്‍, പ്രശസ്ത എഴുത്തുകാരുടെ 400ല്‍ അധികം പുസ്തകങ്ങളുമായി ഒരുങ്ങുന്ന ബുക്ക്സ്റ്റാള്‍, കേരളത്തിലെ വിവിധയിനം പലഹാരങ്ങളും വിഭവങ്ങളും അടങ്ങുന്ന ഫുഡ് കോര്‍ണര്‍ എന്നിവയും സജ്ജീകരിക്കും. ആവശ്യക്കാര്‍ക്ക് പുസ്തകങ്ങള്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്ത്, എഴുത്തുകാരുടെ കയ്യൊപ്പോടുകൂടിയ പുസ്തകങ്ങള്‍ കരസ്തമാക്കാനും അവസരമുണ്ട്.
ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.