തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം, കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ... തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം...
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം ഉണ്ടായി. കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.
പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ തീ അണക്കാനുള്ള ശ്രമത്തിനിടെ, ചാക്ക ഫയര്‍ ഫോഴ്സ് യൂണിറ്റിലെ ഫയര്മാന് ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത്തിന് ദാരുണാന്ത്യം. തീ അണക്കാനുളള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. ഫയര്‍ഫോഴ്സ് ആസ്ഥാനത്തും ചാക്കാ യൂണിറ്റിലും രഞ്ജിത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും.
അപകടസ്ഥലം സന്ദര്‍ശിച്ച ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവേ ആണ് ഫയര്‍ഫോഴ്സ് മേധാവി കൂടിയായ സന്ധ്യ ഈ കാര്യം അറിയിച്ചത്. കെട്ടിടത്തില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ബ്ലീച്ചിങ് പൗഡറില്‍ വെള്ളം കലര്‍ന്നാല്‍ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആല്‍ക്കഹോളും കലര്‍ന്നാല്‍ തീപിടുത്തം ഉണ്ടാകുമെന്നും ബി സന്ധ്യ വ്യക്തമാക്കി. സാനിറ്റിറ്റസര്‍ ഉള്‍പ്പെടെയുള്ളവ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. തീപിടുത്തം ഉണ്ടായ കെട്ടിടത്തില്‍ അടിമുടി വീഴ്ചയാണെന്നും അവര്‍ പറഞ്ഞു.