കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ് ഒന്നരവയസ്സുകാരി. കഴിഞ്ഞ 22ന് ആശുപത്രിയില്‍ അഡ്മിറ്റായ കുട്ടിയുടെ പരിക്കുകളുടെ കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
കുട്ടിയെ രാത്രിയില്‍ കുട്ടിയുടെ മാതാവും മുത്തശ്ശിയും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. കോഴിക്കോട് പന്നിയങ്കര സ്വദേശികളാണിവര്‍. കുട്ടിയുടെ പിതാവ് മൈസൂരുവില്‍ ആണെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ കുട്ടിക്ക് എന്താണ് പറ്റിയതെന്നു അറിയില്ലെന്നും പരാതിയില്ലെന്നുമാണ് അമ്മ പറയുന്നത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസിനെയും ശിശുക്ഷേമസമിതിയെയും അറിയിച്ചു.
അമ്മയും അമ്മുമ്മയും നല്കിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
എന്നാല്‍കുട്ടിയുടെ അവസ്ഥ വളരെ ഗുരുതരമാണ്. കുട്ടിയുടെ കുടലിലും മലദ്വാരത്തിലും പരിക്കുണ്ട്. പരിക്കേറ്റതിന്റെ ഫലമായി ആന്തരിക അവയവങ്ങള്‍ക്കു ക്ഷതമേറ്റിട്ടുമുണ്ട്. കുട്ടിയെ അടിയന്തരശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കോളോസ്ടമി ശസ്ത്രക്രിയക്കു ശേഷം കുട്ടി പീഡിയാട്രിക് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ അമ്മ പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാലും പരിക്കുകള്‍ സംശയാസ്പദമായതിനാലുമാണ് ആശുപത്രി അധികൃതര്‍ പന്നിയങ്കര പോലീസിനെ അറിയിച്ചത്. എന്നാല്‍, പോലീസ് ഇക്കാര്യം ഗൗരവമായി പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.