കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഹൃദയശസ്ത്രക്രിയക്കായി സ്വകാര്യാശുപത്രിയിലേക്കുമാറ്റുന്നു.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് ഈ തീരുമാനം. ബാലാജി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി, എക്സൈസ് വകുപ്പുകള്‍ മറ്റു രണ്ടു മന്ത്രിമാര്‍ക്ക് കൈമാറാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഗവര്‍ണറോട് ശുപാര്‍ശചെയ്തു. വകുപ്പില്ലാമന്ത്രിയായി അദ്ദേഹത്തെ നിലനിര്‍ത്താനാണ് തീരുമാനം.
അറസ്റ്റിനുപിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് ഓമന്ദുരാര്‍ ഗവണ്മെന്റ് എസ്റ്റേറ്റ് മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡി.എം.കെ. നേതാവിന് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. സ്വകാര്യമേഖലയിലുള്ള കാവേരി ആശുപത്രിയില്‍ തനിക്ക് സ്ഥിരം ഡോക്ടറുണ്ടെന്നും അവിടെ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കണമെന്നുമുള്ള ബാലാജിയുടെ അഭ്യര്‍ഥന മദ്രാസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.