കേരളത്തിലെ കോളേജുകളില്‍ ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിലാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതാണെന്നും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ക്യാമ്പസുകളിലാണ് കെഎസ്യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ പാതയിലാണ്. ഭരണത്തിന്റെ മറവില്‍ എസ്എഫ്ഐ നേതൃത്വം വ്യാജന്മാരുടെ വക്താക്കളായി മാറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ക്കഥയായിട്ടും നിശബ്ദത തുടരുന്ന സംസ്ഥാന സര്‍ക്കാരിന്റെ മൗനത്തിനെതിരെ സംസ്ഥാന വ്യാപകമായി കെഎസ്യു പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി 20-06-2023 ചൊവ്വാഴ്ച കോളേജുകളില്‍ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വനം ചെയ്തിരിക്കുകയാണ്. കേരളത്തിലെ പ്രൊഫഷണല്‍ ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കലാലയങ്ങളും പ്രതിഷേധ പരിപാടിയോട് സഹകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഭ്യര്‍ഥിക്കുന്നു.' അലോഷ്യസ് സേവ്യര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.