കേരളത്തില്‍ ശൈശവ വിവാഹം. ചെര്‍പ്പുളശ്ശേരിയില്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 32 കാരന് വിവാഹം കഴിച്ചത്. പെണ്‍കുട്ടിക്ക് 17 വയസ്സാണ് പ്രായം.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്തായിരുന്നു 17 കാരിയുമായുള്ള 32 കാരന്റെ വിവാഹമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ബാല വിവാഹത്തിന് ചെര്‍പ്പുളശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരംഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ ജൂണ്‍ 29നാണ് ചെര്‍പ്പുളശേരി സ്വദേശിയായ 32 കാരന് മണ്ണാര്‍ക്കാട് സ്വദേശിയായ 17 കാരിയെ വിവാഹം ചെയ്തത്. തൂത ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറിലധികം പേര് പങ്കെടുത്തിരുന്നു. ബാലവിവാഹം നടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണാര്‍ക്കാട് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലും സ്കൂളിലും പരിശോധന നടത്തി.