ഫിറ്റ്നസ് ചാലഞ്ചിന്റെ പേരില്‍ അമിതമായ വെള്ളം കുടിച്ച ടിക്ടോക്കര്‍ ആശുപത്രിയില്‍. വൈറല്‍ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായിട്ടാണ് ടിക്ടോക്കര്‍ വെള്ളം അമിതമായി കുടിച്ചത്.
'75 ഹാര്‍ഡ്' എന്ന് പേരിട്ട ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ 75 ദിവസം നാല് ലിറ്റര്‍ വെള്ളം വീതമാണ് കുടിക്കേണ്ടിയിരുന്നത്. ചലഞ്ച് 12 ദിവസം പിന്നിട്ടപ്പോഴേക്കും കാനഡയിലെ ടിക് ടോക്കര്‍ മിഷേല്‍ ഫെയര്‍ബേണ്‍ എന്ന വ്യക്തിയാണ് ആശുപത്രിയിലായത്.
മദ്യം ഒഴിവാക്കിയുള്ള ഭക്ഷണക്രമം, ഒരു ദിവസം രണ്ടു തവണ 45 മിനിറ്റ് വര്‍ക്ക്ഔട്ട്, ഒരു ദിവസം 10 പേജ് വായന എന്നിവയാണ് ചലഞ്ചിന്റെ രീതി. യൂട്യൂബര്‍ ആന്‍ഡി ഫ്രിസെല്ല ആരംഭിച്ച ചലഞ്ചില്‍ പങ്കെടുക്കുകയാണെന്ന് മിഷേല്‍ ഫെയര്‍ബേണ്‍ ടിക് ടോക്കില്‍ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നോ നാലോ ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിച്ചതോടെ തനിക്ക് സുഖമില്ലാതായെന്ന് മിഷേല്‍ വീഡിയോയില്‍ പറഞ്ഞു. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പലതവണ ടോയ്ലറ്റില് പോവേണ്ടിവരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നും ഓക്കാനം വരുന്നുവെന്നും ചലഞ്ച് 12 ദിവസം പിന്നിട്ടതോടെ മിഷേല്‍ പറഞ്ഞു.
തുടര്‍ച്ചയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷം മിഷേലിന് സോഡിയത്തിന്റെ കുറവുണ്ടെന്ന് കണ്ടെത്തി. ദിവസേന നാല് ലിറ്റര്‍ വെള്ളം കുടിക്കുന്നതു നിര്‍ത്തി അര ലിറ്റര്‍ വെള്ളം കുടിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ '75 ഹാര്‍ഡ്' ചലഞ്ച് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മിഷേല്‍ പറഞ്ഞു.