കോട്ടയം ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഹോട്ടലില്‍ തൊഴിലാളിയുടെ തല അടിച്ച് പൊട്ടിച്ചു. പൊറോട്ടയ്ക്ക് കറി സൗജന്യമായി നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടല്‍ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അക്രമ സംഭവം ഉണ്ടായത്. ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കുന്നതിനായി മൂന്നംഗ സംഘമാണ് അക്രമിച്ചത്. ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്യുകയായിരുന്നു, എന്നാല്‍ പൊറോട്ട കൊണ്ടു വച്ചതിന് പിന്നാലെ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ പൊറോട്ടയ്ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് വാക്ക് തര്‍ക്കം ആരംഭിക്കുന്നത്. ആക്രമണത്തില്‍ തൊഴിലാളിയുടെ തല പൊട്ടി. തലയ്ക്കാണ് അടിയേറ്റതെന്ന് ഹോട്ടലുടമ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി. പരിക്കേറ്റയാളെ പൊലീസുകാര്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും അക്രമ നടത്തുന്നവരെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍ പ്രതീഷ് ജില്ലാ സെക്രട്ടറി കെകെ ഫിലിപ്പ് കുട്ടി, യൂണിറ്റ് പ്രസിഡന്റ് പിഎസ് ശശിധരന്, യൂണിറ്റ് സെക്രട്ടറി ബഷീര്‍ ഗോള്‍ഡന്‍ സ്പൂണ്‍ തുടങ്ങിയവര്‍ അറിയിച്ചു.