എംപി സ്ഥാനം തിരിച്ചുപിടിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചിരിക്കുകയാണ്. ഇന്നാണ് ലോക്സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുല്‍ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
134 ദിവസത്തിന് ശേഷമാണ് രാഹുലിന്റെ സഭയിലേക്കുള്ള തിരിച്ചുവരവ്. ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ഒഴിവായെങ്കിലും ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് സഭാ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ.
ഇതോടെ നാളെ നടക്കുന്ന സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍, 'എല്ലാ കള്ളന്മാര്ക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?' എന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 499, 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.