ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പുറത്തു വരാനിരിക്കെ, ഫലങ്ങള്‍ 2019 ലെ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരുമ്പോള്‍ ഗ്രേഡുകള്‍ കുറയുമെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തം. 2020ലും 2021ലും കോവിഡ് കാരണം പരീക്ഷകള്‍ റദ്ദാക്കുകയും അദ്ധ്യാപകരുടെ മൂല്യനിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങള്‍ നല്‍കുകയും ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിച്ചിരുന്നു. വെയില്‍സിലും വടക്കന്‍ അയര്‍ലന്‍ഡിലും, പരീക്ഷ ഫലങ്ങള്‍ 2019-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്നതായിരിക്കും. എന്നാല്‍ 2022-നേക്കാള്‍ കുറയും. വിദ്യാര്‍ത്ഥികളുടെ ലെവല്‍ 2 ബിടെക്, കേംബ്രിഡ്ജ് നാഷണല്‍, മറ്റ് വൊക്കേഷണല്‍ ഫലങ്ങള്‍ എന്നിവയും ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും.
2019 ന് മുന്‍പുള്ള ഗ്രേഡിംഗ് രീതി തിരികെ കൊണ്ടു വരുന്നതിനാല്‍ ജി സി എസ് ഇയിലെ ഉന്നത ഗ്രേഡുകളുടെ എണ്ണത്തില്‍ ഏറെ കുറവുണ്ടാകുമെന്ന് സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് എംപ്ലൊയ്മെന്റ് റിസര്‍ച്ചിലെ (സി ഇ ഇ ആര്) ഫ്രൊഫസര്‍ അലന് സ്മിതേഴ്സ് പറയുന്നു. ശതമാന കണക്കില്‍ നോക്കിയാല്‍ ഗ്രേഡുകളുടെ എണ്ണത്തില്‍ വരുന്ന കുറവ് നിസ്സാരമായിരിക്കുമെങ്കിലും, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരിക്കുന്നതിനാല്‍ ഇവയുടെ എണ്ണം ഏകദേശം 3 ലക്ഷത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വന്നിരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ വര്‍ഷത്തെ ജി സി എസ് ഇ പരീക്ഷയില്‍ ആണ്‍കുട്ടികളുടെ പ്രകടനം താരതമ്യേന മോശമാണെന്നാണ്. പെണ്‍കുട്ടികളാണ് ഇത്തവണ മികവ് പുലര്‍ത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ഗ്രേഡുകളുടെ കാര്യത്തില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ ബഹുദൂരം പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എ-ലെവല്‍, ജിസിഎസ്ഇ ഫലങ്ങള്‍ പ്രീ-പാന്‍ഡെമിക് ലെവലിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇംഗ്ലണ്ടിന്റെ പരീക്ഷാ നിരീക്ഷണ സ്ഥാപനമായ ഓഫ്ക്വല് രണ്ട് വര്‍ഷത്തെ പദ്ധതിയാണ് ആവിഷ്കരിച്ചത്. കോവിഡിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ത്ഥികള്‍ ആദ്യമായി പരീക്ഷ എഴുതിയത്. 2018-ല്‍ ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഗ്രേഡിംഗ് സമ്പ്രദായം അക്ഷരങ്ങളില്‍ നിന്ന് അക്കങ്ങളിലേക്ക് മാറിയപ്പോള്‍, തുടര്‍ പഠനത്തിന് യോഗ്യത നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഗണിതവും ഇംഗ്ലീഷും ഗ്രേഡ് 4-നോ അതിന് മുകളിലോ പാസാകേണ്ടതുണ്ട്.