ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ എന്ത് ത്യാഗവും സഹിച്ച് കിട്ടാവുന്നിടത്തു നിന്നെല്ലാം കടവും വാങ്ങി സ്റ്റുഡന്റ്സ് വിസയില്‍ അക്കരപ്പച്ചകള്‍ തേടിപ്പോകുന്ന മലയാളി യുവാക്കളുടെ ദയനീയമായ അവസ്ഥയുടെ നിരവധി വാര്‍ത്തകള്‍ അടുത്തിടെയായി നാം വായിച്ചറിഞ്ഞു. പഠനത്തോടൊപ്പം ജോലിചെയ്തും പഠനശേഷമുള്ള കാലയളവില്‍ ഇവിടെ നിന്ന് ബാങ്ക് ലോണ്‍ അടക്കമുള്ള കടങ്ങളൊക്കെ വീട്ടാമെന്ന പ്രതീക്ഷകളൊക്കെയും അസ്തമിക്കുന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍ചിത്രമാകുകയാണ് യുകെയില്‍ പഠിക്കാനെത്തിയ അഹമ്മദാബാദില്‍ നിന്നുള്ള കുഷ് പട്ടേല്‍ എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യ.
കഴിഞ്ഞ ഒമ്പത് മാസമായി സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ പഠനം തുടരുകയായിരുന്ന യുവാവിനെ ലണ്ടന്‍ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചനകള്‍ തെളിയിക്കുന്നത്. ഇവിടെ എത്തിയത് മുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കുഷ് വലിയ സമ്മര്‍ദ്ദങ്ങളിലൂടെയാണ് യുവാവ് കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. അദ്ദേഹത്തെ കാണാതായി 10 ദിവസത്തെ തെരച്ചിലിന് ശേഷം മൃതദേഹം ലണ്ടന്‍ ബ്രിഡ്ജിന് സമീപം കണ്ടെത്തുകയായിരുന്നു.
ഏകദേശം ഒമ്പത് മാസം മുമ്പ് 2022 ല്‍ ഒരു സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായാണ് പട്ടേല്‍ ലണ്ടനിലെത്തിയത്. എന്നാല്‍ ഇവിടെ ജീവിതച്ചിലവുകളും നാട്ടിലെ വായ്പാ തിരിച്ചടവുകളും മറ്റും സൃഷ്ടിച്ച പ്രതിസന്ധി യുവാവിനെ നിരന്തരം വേട്ടയാടുകായിരുന്നു.
കോളേജ് ഫീസ് അടക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടതിനാല്‍ യൂണിവേഴ്‌സിറ്റിയുമായി തര്‍ക്കവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ കുടുംബം ഒരു വിദ്യാഭ്യാസ വായ്പയിലൂടെ സ്ഥിതിഗതികള്‍ ശരിയാക്കാന്‍ ഇടപെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ, വര്‍ക്ക് പെര്‍മിറ്റിന്റെ അഭാവം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യാത്രയെ തടസ്സപ്പെടുത്തി, ഇത് അദ്ദേഹത്തിന്റെ ഭാവി സാധ്യതകളെയും പ്രതികൂലമായി ബാധിച്ചു.
ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബം കൂട്ടായ ശ്രമങ്ങള്‍ നടത്തിയിട്ടും, വര്‍ക്ക് പെര്‍മിറ്റ് ഉറപ്പാക്കുന്നതിനുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. തന്റെ വിസയുടെ കാലാവധി തീരുന്നതിനാല്‍, പട്ടേലിന് സാമ്പത്തികവും തൊഴില്‍ സംബന്ധമായതുമായ സമ്മര്‍ദ്ദം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്ഥിരമായി ഫോണ്‍ കോളുകളിലൂടെ സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ ഓഗസ്റ്റ് 10 ന് ഒരു സുഹൃത്തുമായുള്ള അവസാന സംഭാഷണത്തിന് ശേഷം ഫോണില്‍ കിട്ടിയിരുന്നില്ല. ആ അവസാന കോളില്‍, ഓഗസ്റ്റ് 20 ന് ഷെഡ്യൂള്‍ ചെയ്ത ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് താന്‍ ബുക്ക് ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പട്ടേലിനെ താമസസ്ഥലത്ത് കണ്ടെത്താനാകാതെ വന്നതോടെ ലണ്ടനിലെ സുഹൃത്തുക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പട്ടേലിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.