നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്സില്‍ ആവശ്യമില്ലാത്ത നിരവധി മെയിലുകള്‍ ഉണ്ടോ? ഇതാ ആ മെയിലുകളോടെല്ലാം ബൈ ബൈ പറയാന്‍ അവസരം വരുന്നു.
ആവശ്യമില്ലാത്ത മെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷന് ആണ് ഇനി ആഡ് ചെയ്യുന്നത്. ഇതിനരുങ്ങുകയാണ് ഗൂഗിള്‍. ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളില്‍ ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം.
ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് ഗൂഗിള്‍ അറിയിപ്പ് നല്‍കിയത്. ഉപഭോക്താക്കളെ സംബന്ധിച്ച് അനാവശ്യ ഇമെയിലുകള്‍ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്ന പുതിയ അപ്ഡേഷനുകള്‍ പ്രഖ്യാപിച്ചതെന്ന് കമ്പനി പറഞ്ഞു.
വെബിലെ ത്രെഡ് ലിസ്റ്റില്‍ ഹോവര്‍ പ്രവര്‍ത്തനങ്ങളിലേക്ക് അണ്‍സബ്സ്ക്രൈബ് ബട്ടണ്‍ നീക്കുകയാണെന്നും വെബിലും മൊബൈലിലും ജിമെയിലിലെ അനാവശ്യ ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്ക്രൈബ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് പുതിയ വഴികള്‍ അവതരിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു. അണ്‍സബ്സ്ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, മെയിലിങ് വിലാസത്തില്‍ നിന്ന് ഉപയോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയില്‍ അയച്ചയാള്‍ക്ക് ഒരു http അഭ്യര്‍ത്ഥന അല്ലെങ്കില്‍ ഇമെയില്‍ ലഭിക്കും. ഉപയോക്താവിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ അണ്‍സബ്സ്ക്രൈബ് ബട്ടനും ചേര്‍ക്കും. ഒറ്റ ക്ലിക്ക് അണ്‍സബ്സ്ക്രൈബ് ലിങ്ക് ഫെബ്രുവരിയോടെ നടപ്പാക്കാന്‍ ബള്‍ക്കായി ഇമെയില്‍ അയക്കുന്നവരോട് ഗൂഗിള്‍ ആവശ്യപ്പെടും എന്നും സൂചനയുണ്ട്. സ്പാം റിപ്പോര്‍ട്ട് ചെയ്യുക, അണ്‍സബ്സ്ക്രൈബ് ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ നിലവിലുണ്ട്.