പലതരത്തില്‍ വിവാഹം ക്ഷണിക്കുന്നത് നാം കണ്ടിട്ടുണ്ട്. കത്ത് മുഖേനയുള്ള ക്ഷണനത്തിന്റെ കാലം പണ്ട് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഫോണും മറ്റ് സൗകര്യങ്ങളും വന്നപ്പോള്‍ അത് കുറഞ്ഞു. ഇന്ന് കല്യാണക്കുറിക്കൊപ്പം സേവ് ദ ഡേറ്റും തരംഗമാകുകയാണ്. എന്നാല്‍ കല്യാണം ക്ഷണിക്കുമ്പോള്‍ ദാ ഇങ്ങനെ കൂടി പരീക്ഷിച്ചു നോക്കാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വിവാഹം സിസിടിവി വഴിയും ക്ഷണിച്ചിരിക്കുകയാണ് ഒരു അച്ഛന്. സോഷ്യല്‍ മീഡിയ നിറയെ ചിരിപ്പിക്കുകയാണ് ഈ അച്ഛന്റെ വിവാഹം ക്ഷണിക്കല്‍.
കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് സ്വദേശി പ്രദീപാണ് സിസിടിവിയിലൂടെ കല്യാണം വിളിച്ചത്. വീട്ടുടമ വിദേശത്തായതിനാല്‍ അദ്ദേഹത്തെയാണ് സിസിടിവി വഴി ക്ഷണിച്ചത്. സംഭവം ഇദ്ദഹേ ഒരു തമാശയ്ക്ക് ചെയ്തതാണെങ്കിലും ഇന്ന് സോഷ്യല്‍ മീഡിയയെ തന്നെ ചിരിപ്പിക്കുകയാണ് ഇത്.
വിദേശത്തുള്ള ഗൃഹനാഥനെ സിസിടിവിയിലൂടെ വിവാഹത്തിന് ക്ഷണിക്കുന്ന വീഡിയോ വളരെ വേഗമാണ് വൈറലായത്. 'സോമാ കല്യാണം വന്ന് വിളിച്ചിട്ടുണ്ട്. കല്യാണത്തിന് എല്ലാവരെയും കൂട്ടി അങ്ങ് എത്തിയേക്കണം' എന്നാണ് സിസിടിവിയില്‍ നോക്കി പ്രദീപ് പറയുന്നത്. ഈ വീഡിയോ കണ്ടവരെല്ലാം പ്രദീപിന്റെ നിഷ്കളങ്കമായ തമാശ കണ്ട് ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിന് നടന്ന സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മകളുടെ കല്യാണം വിളിക്കാനാണ് പ്രദീപ് സോമന്റെ വീട്ടിലെത്തിയത്. വീട്ടുകാരെ ക്ഷണിച്ച ശേഷം വിദേശത്തുള്ള ഗൃഹനാഥനെ ക്ഷണിക്കുന്ന സിസിടിവി ദൃശ്യമാണ് വൈറലാകുന്നത്. എന്നാല്‍ സിസിടിവിയില്‍ വോയിസ് റെക്കോര്‍ഡിംഗ് ഉള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് സംഭവം വൈറലായതിന് പിന്നാലെ പ്രദീപ് പറഞ്ഞത്.